സാൾട്ട്ലേക്കിലെ പുൽപ്പരപ്പിൽ കുതിർന്നത് വിജയത്തിന്റെ ഷാംപേയ്ൻ ഗന്ധം മാത്രമായിരുന്നില്ല. അത്യധ്വാനത്തിന്റെ വിയർപ്പുതുള്ളികൾ, അണപൊട്ടിയ ആവേശത്തിന്റെ ചെമന്ന രക്തമുദ്രകൾ, സമ്മിശ്രവികാരങ്ങളുടെ കണ്ണീരുപ്പ്. ഫുട്ബോൾ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യ ജപ്പാനെ എതിരിടുന്നതാണ് നോവലിന്റെ ഇതിവൃത്തം. ഇന്ത്യൻ ഫുട്ബോൾ മുഖ്യപ്രമേയമാകുന്ന മലയാളത്തിലെ ആദ്യനോവൽ. ആവേശത്തിന്റെ ഭാഷയിലെഴുതിയ ഉജ്ജ്വലമായ ആഖ്യാനം.
എഴുതുന്നത് അബ്ദുൽ റസാക്ക് ആകുമ്പോഴും 'യുഗാരംഭം' അദ്ദേഹത്തിന്റെ മാത്രം പുസ്തകമല്ല. ലക്ഷക്കണക്കിന് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ ദിനേന കിനാവ് കാണുന്ന വന്യമായ സങ്കല്പങ്ങളാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. ഒരിക്കലും നടക്കില്ല എന്ന് യാഥാർഥ്യബോധം നമ്മെ പഠിപ്പിക്കുമ്പോഴും, ബാക്കിയാകുന്ന ഒരിറ്റ് പ്രതീക്ഷയുടെ വെളിച്ചം. ആ വെളിച്ചം വഴിനടത്തുന്ന അതിമനോഹരമായ ഭാവനാലോകം. അത് ഇന്ത്യൻ ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന ഓരോ വായനക്കാരന്റേതുമാണ്. ആ അർത്ഥത്തിൽ ഇത് വായനക്കാരന്റെ കൂടി കഥയാണ്. അയാളുടെ കൂടി പുസ്തകമാണ്.
എഴുത്തുകാരൻ ഒരു മായാലോകത്തിന്റെ പണി പൂർത്തിയാക്കി വെച്ചിരിക്കുന്നു. അതിലേക്ക് നിങ്ങളെ കൂടി സ്വാഗതം ചെയ്യുന്നു. വായനയിലൂടെ ആ ലോകത്തെ അനുഭവിക്കാൻ നിങ്ങളും കൂടി എത്തുമ്പോഴാണ് സാഫല്യത്തിന്റെ രുചി നാവിലറിയുന്നത്. 'യുഗാരംഭ'ത്തിന്റെ കോപ്പി നിങ്ങളെ കാത്തിരിക്കുന്നു. ഇന്ന് തന്നെ സ്വന്തമാക്കൂ.